കാസർഗോഡ്: ദേശീയപാതയിൽ ചരക്കുലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ജില്ലാ പോലീസ് ഓഫീസിലെ കരാർ ജീവനക്കാരനായ മുളിയാർ ബാവിക്കര സ്വദേശി ബാബുരാജിനാണ് (64)പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇടതുകാൽ പൂർണമായും ചതഞ്ഞുപോയ നിലയിലാണ്.
ഇന്നലെ രാവിലെ ഏഴോടെ പുതിയ ബസ്സ്റ്റാൻഡിനു സമീപത്തുവച്ചായിരുന്നു അപകടം. എംജി റോഡിലൂടെ വന്ന ചരക്കുലോറി മംഗളൂരു ഭാഗത്തേക്ക് പോകുന്നതിനായി ദേശീയപാതയിലേക്ക് കയറുന്നതിനിടെയാണ് സ്കൂട്ടർ ലോറിക്കടിയിൽ പെട്ടത്. 50 മീറ്ററോളം ദൂരം സ്കൂട്ടറിനെ വലിച്ചുകൊണ്ടുപോയ ശേഷമാണ് ലോറി നിന്നത്.
അഗ്നിരക്ഷാസേനയെത്തി ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ബാബുരാജിനെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനു മുമ്പ് കടുത്ത വേദനയിലും അപാരമായ മനസാന്നിധ്യത്തോടെ ബാബുരാജ് തന്നെ ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. തുടർന്ന് ചെങ്കളയിലെ ആസ്റ്റർ മിംസ് ആശുപത്രിയിലെത്തിച്ച ബാബുരാജിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.